പ്രിയ മക്കളെ, എന്റെ മകൻ ഈശോ നിങ്ങളെ വിളിക്കുന്നു, തുറന്ന കരങ്ങളാൽ നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങൾ അവനെ അനുകരിക്കുക. നിങ്ങൾ ലോകത്താണെങ്കിലും ലോകത്തിന്റേതല്ല. നിങ്ങൾ ഈശോയെ പ്രതിരോധിക്കുക. അവന്റെ രാജത്വം ഈ ലോകത്തിന്റെതല്ലെന്ന് അവൻ നിങ്ങളെ പഠിപ്പിച്ചു. എനിക്ക് നിങ്ങളോടു പറയാനുള്ളത്, അവന്റെ സഭയും, അവന്റെ പ്രബോധനങ്ങളും ഈ ലോകത്തിൽ നിന്നുള്ളവയല്ല എന്നാണ്. എന്റെ ഈശോയുടെ പഠനങ്ങൾക്കു വിരുദ്ധമായി, പലവിധത്തിലുള്ള ചിന്തകളും, ആശയസംഹിതകളും ഉള്ള മനുഷ്യരുള്ള ഒരു സമൂഹമായി മാറ്റി, എന്റെ മകൻ ഈശോയുടെ സഭയെ തകർക്കാൻ പിശാച് ശ്രമിക്കുകയാണ്. നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. എന്റെ മകന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോടു നിങ്ങൾ വിശ്വസ്തരായിരിക്കുവിൻ. മനുഷ്യർ നിങ്ങൾക്കു നൽകുന്ന വാർത്തകളിൽ നിന്നും നിങ്ങൾ അകന്നു നിൽക്കുവിൻ. നിങ്ങൾ സ്നേഹിക്കുകയും, സത്യത്തെ നിങ്ങൾ കാക്കുകയും ചെയ്യുവിൻ. നിങ്ങൾ ധീരതയുള്ളവരാകുവിൻ. നിങ്ങൾ മറന്നു പോകരുത്: ആർക്കു കൂടുതൽ നൽകപ്പെടുന്നുവോ, അവരിൽ നിന്നും കൂടുതൽ ആവശ്യപ്പെടും. നിങ്ങൾ പ്രാർത്ഥിക്കുവിൻ. സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. ഞാൻ കാണിച്ചു തന്ന പാതയിൽകൂടി നിങ്ങൾ മുന്നോട്ടു പോകുവിൻ. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.