പ്രിയ മക്കളെ, ദിവ്യകാരുണ്യത്തിൽ സന്നിഹിതനായ എന്റെ മകൻ ഈശോയെ നിങ്ങൾ ധ്യാനിക്കുകയും ആരാധിക്കുകയും ചെയ്യുകയും, അതുമൂലം അവന്റെ കാരുണ്യമുള്ള കൃപ നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താൻ അനുവദിക്കുകയും ചെയ്യുവിൻ. 'അതെ' എന്നുത്തരത്താൽ, നിങ്ങളെ രക്ഷിക്കാനായി, ഞാൻ അവനെ ലോകത്തിലേക്കു കൊണ്ടുവന്നു. അവൻ നിങ്ങളുടെ എല്ലാമാകുന്നു, നിങ്ങളുടെ യഥാർത്ഥമായ മോചനവും, മോക്ഷവും അവനിൽ മാത്രമാകുന്നു. നിങ്ങളുടെ മികച്ച സേവനം നിങ്ങൾ കാഴ്ചവെക്കുവിൻ, നിങ്ങളുടെ മാതൃകയാലും, വാക്കുകളാലും, കർത്താവിൽ നിന്നുള്ളവരാണെന്നതിന് എല്ലായിടത്തും നിങ്ങൾ സാക്ഷികളായിരിക്കുവിൻ. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും പാപം നിങ്ങളെ വ്യതിചലിപ്പിക്കാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുക, അതിലൂടെ മാത്രമെ എന്റെ മകൻ ഈശോയുടെ ലോകത്തിലുള്ള സാന്നിധ്യത്തിന്റെ അടയാളമായി നിങ്ങൾ മാറുകയുള്ളൂ. ദൈവം എന്നെ അയച്ചത് അവന്റെ കൃപയിലേക്ക് നിങ്ങളെ തിരികെ വിളിക്കുവാനാണ്. നിങ്ങൾ അനുസരണമുള്ളവരായിരിക്കുക, ഇതിലൂടെ മാത്രമെ എന്റെ മകൻ ഈശോയ്ക്ക് നിങ്ങളോടുള്ള സ്നേഹത്തിന്റെ മഹത്വം മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയുകയുള്ളൂ. ധൈര്യമായിരിക്കുക. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.