പ്രിയ മക്കളെ, എങ്ങനെ ആയിരിക്കുന്നുവോ, ആ അവസ്ഥയിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് ആത്മാർത്ഥമായ മാനസാന്തരത്തിലേക്ക് നിങ്ങളെ ക്ഷണിക്കാനാണ്. നിങ്ങൾ മനസാന്തരപ്പെടുകയും, നിങ്ങളുടെ എല്ലാമെല്ലാമായവനിലേക്കു മടങ്ങുകയും ചെയ്യുവിൻ. വിശുദ്ധിയിലേക്കുള്ള പാത തടസ്സങ്ങൾ നിറഞ്ഞതാണ്, എങ്കിലും നിങ്ങൾ തനിച്ചല്ല. എന്റെ ഈശോ നിങ്ങളോടുകൂടെ നടക്കുന്നു. നിങ്ങൾ ലോകത്താണെങ്കിലും, ലോകത്തിന്റേതല്ല. നിങ്ങൾ പിശാചിന്റെ അടിമകളാവരുത്. നിങ്ങൾക്ക് കർത്താവിൽ നിന്നും സ്വാതന്ത്ര്യമുണ്ട്. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. നിങ്ങൾ ബലഹീനരെന്നു തോന്നുമ്പോൾ, പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. വേദനാജനകമായ ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ ഭവനത്തിൽ (കത്തോലിക്കാ തിരുസഭയിൽ) ഗൗരവമായ സംഘർഷങ്ങൾ ഉണ്ടാകും. ധാരാളം സത്യങ്ങൾ തിരസ്ക്കരിക്കപ്പെടുകയും, അനേകമാളുകൾ വ്യാജപഠനങ്ങളെ ആശ്ലേഷിക്കുകയും ചെയ്യും. പീഡനം ഭയന്ന് വിശ്വാസത്തിൽ തീക്ഷണമായ ധാരാളം പേർ പിൻവാങ്ങുന്നതാണ്. നിങ്ങൾ മറക്കരുത്: കുരിശില്ലാതെ വിജയമില്ല. നിങ്ങളുടെ ഓരോരുത്തരുടെയും പേര് എനിക്കറിയാം, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതാണ്. നിങ്ങൾ അനുസരണമുള്ളവരാകുക. നിങ്ങൾ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ സദ്ഗുണത്തിന്റെയും, വിശുദ്ധിയുടെയും പാതയിലൂടെ നയിക്കാം. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.