പ്രിയ മക്കളെ, വലിയൊരു ആത്മീയ യുദ്ധത്തിന്റെ സമയത്താണ് നിങ്ങളിപ്പോൾ ജീവിക്കുന്നത്. നിങ്ങൾ ക്രിസ്തുവിന്റെ പടയാളികളാണ്. നിങ്ങൾ അകന്നു പോകരുത്. ഈശോയേയും അവന്റെ പഠനങ്ങളേയും നിങ്ങൾ പ്രോത്സാഹിപ്പിക്കുകയും, പ്രതിരോധിക്കുകയും ചെയ്യുവിൻ. നീതിമാൻമാരുടെ നിശ്ശബ്ദത ദൈവത്തിന്റെ ശത്രുക്കളുടെ ശക്തി വർദ്ധിപ്പിക്കുന്നു. എന്റെ മകൻ ഈശോ പിതാവിന്റെ പരമമായ സത്യമാകുന്നു. അവനാകുന്നു നിങ്ങളുടെ ഏക വഴിയും, സത്യവും, ജീവനും. അവന്റെ സുവിശേഷവും, അവന്റെ സഭയുടെ യഥാർത്ഥ പഠനങ്ങളുടെ പ്രബോധനവും നിങ്ങൾ സ്വീകരിക്കുക. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. ദൈവം തിടുക്കത്തിലാണ്. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, നാളെയ്ക്കായി നിങ്ങൾ മാറ്റിവെക്കരുത്. നിങ്ങൾ ജാഗരൂകരായിരിക്കുക. ദൈവത്തിൽ അർദ്ധ സത്യമില്ല. യഥാർത്ഥ പ്രബോധനത്തിൽ ഒട്ടിച്ചേർക്കലുകളോ, കുറുക്കുവഴികളോ ഇല്ല. നിങ്ങൾ പഴയകാല അനുഭവങ്ങളെ മറക്കരുത്. സത്യത്തെ പ്രതിരോധിച്ചു കൊണ്ട് നിങ്ങൾ മുന്നോട്ടു പോകുക. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. ദിവ്യകാരുണ്യത്തിലാകുന്നു നിങ്ങളുടെ വിജയം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.