പ്രിയ മക്കളെ, എങ്ങനെ ആയിരിക്കുന്നുവോ, ആ അവസ്ഥയിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സ്വർഗ്ഗത്തിലേക്ക് തിരികെ കൊണ്ടുപോവാനാണ്. നിങ്ങൾ എന്നെ ശ്രവിക്കുക. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിപ്പിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. മോക്ഷത്തിന്റെ പാതയിൽ നിന്നും, പാപത്തിന്റെ അന്ധകാരം, നിങ്ങളെ അകറ്റിക്കൊണ്ടു പോകുവാൻ നിങ്ങൾ അനുവദിക്കരുത്. പ്രളയകാലത്തേക്കാൾ മോശമായ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്, നിങ്ങളുടെ മടങ്ങിവരവിനുള്ള സമയം വന്നു ചേർന്നിരിക്കുന്നു. ദൈവം തിടുക്കത്തിലാണെന്ന് നിങ്ങൾ എല്ലാവരോടും പറയുവിൻ, ഇത് കൃപയുടെ സമയം കൂടിയാകുന്നു. നിങ്ങൾ എങ്ങാനും വീണുപോകുകയാണെങ്കിൽ, നിങ്ങൾ ഈശോയിൽ ശക്തി കണ്ടെത്തുവിൻ. നിങ്ങളുടെ എല്ലാം അവനാകുന്നു, നിങ്ങളുടെ യഥാർത്ഥ മോചനവും മോക്ഷവും അവനിൽ മാത്രമാകുന്നു. നിങ്ങൾ കർത്താവിന്റെ ജനമാണ്. എന്റെ ഈശോയുടെ സുവിശേഷം അകലങ്ങളിലായിരിക്കുന്ന എല്ലാവരോടും നിങ്ങൾ പ്രഘോഷിക്കുവിൻ. തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ തകർച്ചയുടെ പടുകുഴിയിലേക്ക് മനുഷ്യർ നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, നിങ്ങളുടെ ഏക വഴിയും, സത്യവും, ജീവനുമായവനിലേക്ക് ഞാൻ നിങ്ങളെ നയിക്കാം. ദിവ്യകാരുണ്യത്തിലാണ് നിങ്ങളുടെ വിജയം. സത്യത്തിന്റെ പ്രകാശം നിങ്ങളുടെ ഹൃദയത്തിൽ നിന്നും എടുത്തുമാറ്റാൻ നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ അനുവദിക്കരുത്. വ്യാജമായ എല്ലാറ്റിനെയും നിങ്ങൾ നിരസിക്കുകയും, എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് നിങ്ങൾ വിശ്വസ്തരായിരിക്കുകയും ചെയ്യുക. നിങ്ങളുടെ ഓരോരുത്തരുടെയും പേര് എനിക്കറിയാം, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം. സത്യത്തെ കാത്തുകൊണ്ട് നിങ്ങൾ മുന്നോട്ടു പോകുവിൻ. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.