പ്രിയ മക്കളെ, നിങ്ങൾ കർത്താവിന്റെ സ്വന്തമാണ്, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പഠനങ്ങളെ നിങ്ങൾ ആശ്ലേഷിക്കുവിൻ. ദൈവത്തിന്റെ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും, നിങ്ങളെ മോക്ഷത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങൾ സത്യത്തിൽ ദൃഢമായി നിൽക്കുക. അർദ്ധസത്യം നിങ്ങളെ ദുഷിപ്പിക്കാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ ഈശോയിലേക്ക് തിരികെ വരുവിൻ, എന്തെന്നാൽ അവനാകുന്നു നിങ്ങളുടെ വഴിയും, സത്യവും, ജീവനും. പരിശുദ്ധമായത് നശിപ്പിക്കാൻ ശത്രുക്കൾ ഒരുമിച്ചിരിക്കുകയാണ്, എങ്കിലും ശക്തമായ പ്രാർത്ഥനയാലും, സത്യത്തോടുള്ള സ്നേഹത്താലും, നിങ്ങൾക്ക് അവയെ മറികടക്കാൻ സാധിക്കും. കർത്താവിൽ നിന്നകന്നു ജീവിക്കാതിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. അവൻ നിങ്ങളുടെ എല്ലാമാകുന്നു, നിങ്ങളെ വിശുദ്ധിയിലേക്കു വിളിക്കുകയും ചെയ്യുന്നു. പരീക്ഷണങ്ങളുടെ ഭാരം നിങ്ങൾക്കനുഭവപ്പെടുമ്പോൾ, കുമ്പസാരത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും (പരിശുദ്ധ കുർബാന) നിങ്ങൾ ശക്തി കണ്ടെത്തുവിൻ. എന്റെ ഈശോയുടെ സുവിശേഷത്തെ നിങ്ങൾ സ്വീകരിക്കുകയും, അവന്റെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളോട് നിങ്ങൾ വിശ്വസ്തരായിരിക്കുകയും ചെയ്യുക. ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കാനാണ്. സൗമ്യതയും, എളിമയും ഉള്ള ഹൃദയങ്ങളുള്ളവരാകുക നിങ്ങൾ വിജയിക്കുകതന്നെ ചെയ്യും. ധൈര്യമായിരിക്കുക. എന്തു തന്നെ സംഭവിച്ചാലും, നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. എല്ലായിടത്തും ഭയാനകമായ കാര്യങ്ങൾ നിങ്ങൾ ഇനിയും കാണും, എങ്കിലും നിങ്ങൾ പിന്തിരിയരുത്. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.