പ്രിയ മക്കളെ, എന്റെ മകൻ ഈശോയോട് വിശ്വസ്തരായിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. നിങ്ങൾ അവനെ തേടുവിൻ, എന്തെന്നാൽ അവൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാകുന്നു, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. പ്രാർത്ഥനയിൽ നിന്നും നിങ്ങൾ പിന്തിരിയരുത്. പ്രാർത്ഥനയാലുള്ള ശക്തിയാൽ മാത്രമെ വരാൻ പോകുന്ന പരീക്ഷകളുടെ ഭാരം നിങ്ങൾക്ക് വഹിക്കാൻ കഴിയുകയുള്ളൂ. ലോകത്തിൽ നിന്നും അകന്നിരിക്കുക, സ്വർഗ്ഗത്തിലുള്ള കാര്യങ്ങളെ ലക്ഷ്യമാക്കി നിങ്ങൾ ജീവിക്കുക. എന്റെ ഈശോയുടെ സഭയ്ക്കു വേണ്ടി നിങ്ങൾ മുട്ടു കുത്തി പ്രാർത്ഥിക്കുക. വിശ്വാസികൾക്കുള്ള കുരിശിന്റെ ഭാരം കനത്തതായിരിക്കും. എന്റെ മകൻ ഈശോയെയാണ് സഭ മാതൃകയാക്കേണ്ടത്, ആത്മാക്കളുടെ മോക്ഷമാണ് സഭ മുൻഗണനാർഹമായി എടുക്കേണ്ടത്. എന്റെ ഈശോ അവന്റെ തിരഞ്ഞെടുത്തവരെ പഠിപ്പിക്കുകയും, സത്യം പ്രഘോഷിക്കാൻ അയക്കുകയും ചെയ്തു. നിങ്ങളുടെ യഥാർത്ഥ മോചനവും മോക്ഷവും യേശുവിൽ മാത്രമാകുന്നു. ലോകത്തിന്റെതായ വ്യാജ മിഥ്യാബോധങ്ങൾ മോക്ഷത്തിന്റെ പാതയിലുള്ള യാത്രയിൽ നിങ്ങളെ വഴിതെറ്റിക്കാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ ഒരിക്കലും മറക്കരുത്: എല്ലാ കാര്യത്തിലും ദൈവമാകണം ഒന്നാമത്. ധൈര്യമായിരിക്കുക. എന്റെ ഈശോ നിങ്ങളിൽനിന്ന് വളരെ അധികം പ്രതീക്ഷിക്കുന്നു. സത്യത്തിൽ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.