പ്രിയ മക്കളെ, നിങ്ങൾ കർത്താവിൽ നിന്നുള്ളവരാകുന്നു, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. പ്രളയകാലത്തേക്കാൾ മോശമായ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്. വഞ്ചിക്കപ്പെടാതിരിക്കാൻ നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. എന്റെ ഈശോ നിങ്ങളോടുകൂടെയുണ്ട്. നിങ്ങൾ ഭയപ്പെടരുത്. നിങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ കരുതലുള്ളവരാകുക, നിങ്ങൾ പറുദീസാ ലക്ഷൃം വെച്ച് ജീവിക്കുവിൻ, അതിനു വേണ്ടി മാത്രമാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മഹത്തായ നൗക (സഭ) മുന്നോട്ടു നീങ്ങുന്നത് വലിയൊരു കപ്പൽഛേതത്തിലേക്കാണ് (വിശ്വാസതകർച്ചയിലേക്കാണ്). നിങ്ങൾക്ക് വരാൻ പോകുന്നതിനെക്കുറിച്ച് ഞാൻ വേദനിക്കുകയാണ്. വ്യാജപ്രബോധനങ്ങളുടെ ശക്തമായ കാറ്റ് മഹത്തായ നൗകയിൽ പതിക്കും, വിശ്വാസികളായ പുരുഷൻമാരുടെയും സ്ത്രീകളുടെയും വേദന വലുതായിരിക്കും. നിങ്ങൾ ഈശോയോടുകൂടെ ആയിരിക്കുക. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ വ്യതിചലിക്കരുത്. എല്ലാം നഷ്ടപ്പെട്ടു എന്നു കരുതുമ്പോൾ, നീതിമാൻമാരെപ്രതി ദൈവം പ്രവർത്തിക്കും. ധൈര്യമായിരിക്കുക. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ എപ്പോഴും നിങ്ങളോടൊപ്പമായിരിക്കുന്നതാണ്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.