പ്രിയ മക്കളെ, നിങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കാൻ, എന്റെ ഈശോ, എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുകയാണ്. എന്റെ ക്ഷണത്തിന് നിങ്ങൾ അനുസരണമുള്ളവരാകുക. ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളെ നിർബന്ധിക്കാനല്ല, എന്നാൽ, ദൈവം തിടുക്കത്തിലാണെന്നും, ഇത് കൃപയുടെ സമയമാണെന്നും എല്ലാവരോടും പറയുക. നിങ്ങൾ നിങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. ഈശോയിൽ വിശ്വസിക്കുക. അവിടുന്ന് നിങ്ങളുടെ വലിയ സുഹൃത്താണ്, നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. നിങ്ങൾ എല്ലാ തിന്മകളിൽ നിന്നും പിന്തിരിയുകയും, കർത്താവിനെ വിശ്വസ്തതയോടെ ശുശ്രൂഷിക്കുകയും ചെയ്യുക. മനുഷ്യർ സ്രഷ്ടാവിൽ നിന്ന് അകന്നുപോയതിനാൽ, മനുഷ്യകുലം ആത്മീയമായ ദാരിദ്രത്തിലായിരിക്കുകയാണ്. നിങ്ങൾ (ദൈവത്തിലേക്ക്) തിരിയുക. തുറന്ന കരങ്ങളുമായി എന്റെ കർത്താവ് നിങ്ങളെ കാത്തിരിക്കുന്നു. വളരെ കുറച്ചുപേർ മാത്രം വിശ്വാസത്തിൽ ദൃഢതയോടെ നിൽക്കാൻ പോകുന്ന വലിയ പരീക്ഷണങ്ങളുടെ ഭാവിയിലേക്കാണ് നിങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ആത്മീയജീവിതത്തിൽ ശ്രദ്ധാലുവായിരിക്കുക. പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. നിങ്ങൾ സുവിശേഷം സ്വീകരിക്കുകയും, എൻ്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനത്തോട് വിശ്വസ്തരായി തുടരുകയും ചെയ്യുക. ഞാൻ നിങ്ങളുടെ മാതാവാകുന്നു, നിങ്ങളോരോരുത്തരെയും പിതാവ്, പുത്രനിലൂടെ, പരിശുദ്ധാത്മാവ് വഴിയായി സ്നേഹിക്കുന്നുവെന്ന് നിങ്ങളോടു പറയാൻ ആണ് സ്വർഗ്ഗത്തിൽ നിന്നും ഞാൻ വന്നത്. കർത്താവിന്റെ സ്നേഹത്താൽ നിങ്ങൾ നിങ്ങളെത്തന്നെ നിറയ്ക്കുക. നിങ്ങളുടെ പാപപൂർണ്ണമായ ഭൂതകാലത്തിനായി നിങ്ങൾ കൊതിക്കരുത്. നിങ്ങളുടെ ലക്ഷ്യം സ്വർഗ്ഗമാണ്. നിങ്ങൾ പിൻവാങ്ങരുത്. വർഷങ്ങളായി ഞാൻ ചൂണ്ടിക്കാണിച്ച പാതയിലൂടെ നിങ്ങൾ മുന്നേറുക. നിങ്ങളുടെ കരങ്ങൾ എനിക്ക് തരിക. നിങ്ങളുടെ യഥാർത്ഥവും ഏക രക്ഷകനുമായവനിലേക്ക് ഞാൻ നിങ്ങളെ നയിക്കാം. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.