പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്ക് സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. എന്റെ ഈശോയുടെ സഭ വിശ്വാസവഞ്ചകരാൽ പ്രഹരിക്കപ്പെടും, അന്ധരായവർ മറ്റ് അന്ധരെ വഴി നടത്തുന്നതു പോലെ എന്റെ പാവപ്പെട്ട ധാരാളം മക്കൾ നയിക്കപ്പെടും. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം അണഞ്ഞുപോകാൻ നിങ്ങൾ അനുവദിക്കരുത്. നിങ്ങൾ പിന്തിരിയരുത്. ഈശോയുടെ സത്യം എല്ലായ്പ്പോഴും നേരായതാണ്. സുവിശേഷത്തിൽ ശക്തമായി വിശ്വസിക്കുവിൻ. ദുഷ്ടരായ മനുഷ്യർ, തങ്ങളുടെ വ്യാജ പ്രത്യയശാസ്ത്രങ്ങളാൽ, നിങ്ങളെ മോക്ഷത്തിന്റെ പാതയിൽ നിന്നും തിരിച്ചുവിടാൻ അനുവദിക്കരുത്. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാകുന്നു, നിങ്ങൾ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യേണ്ടത് അവനെ മാത്രമാകുന്നു. ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നത് നിങ്ങളുടെ ഏക വഴിയും സത്യവും ജീവനുമായവനിലേക്ക് നിങ്ങളെ നയിക്കാനാണ്. നിങ്ങൾ അനുസരണമുള്ളവരാകുക. നിങ്ങളുടെ ജീവിതത്തിനായുള്ള ദൈവീക പദ്ധതിയെ അംഗീകരിക്കുക. പ്രാർത്ഥനയിൽ നിന്നും അകലരുത്. പ്രാർത്ഥനയിൽ നിന്നും നിങ്ങൾ അകന്നിരിക്കുമ്പോൾ, ദൈവത്തിന്റെ ശത്രുവിന്റെ ലക്ഷ്യമായ് നിങ്ങൾ മാറും. നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ വിജയത്തിലേക്ക് നയിക്കാം. ദുർബലരാകപ്പെടുകയാണെന്ന് നിങ്ങൾക്കു തോന്നുമ്പോൾ, ദിവ്യകാരുണ്യത്തിൽ (പരിശുദ്ധ കുർബാന) ശക്തി കണ്ടെത്തുവിൻ. ദിവ്യകാരുണ്യത്തിലാണ് നിങ്ങളുടെ വിജയം. ദിവ്യകാരുണ്യത്തിൽ എന്റെ മകൻ ഈശോയുടെ സാന്നിധ്യമെന്നത് മാറ്റം വരുത്താൻ പറ്റാത്ത സത്യമാണ്. നിങ്ങളുടെ കൈകൾ കൂട്ടിക്കെട്ടരുത്. ദൈവം തിടുക്കത്തിലാണ്. ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾ നാളെയ്ക്കായി മാറ്റിവെക്കരുത്. ധൈര്യമായിരിക്കുക. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്റെ ഈശോയോട് ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതാണ്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.