പ്രിയ മക്കളെ, കളങ്കമില്ലാത്തവനും, ദൈവപുത്രനുമായ ക്രിസ്തു, കുരിശുമരണത്തിലൂടെ, സ്വയം നിങ്ങൾക്കായി നൽകി. ദൈവവചനം മാംസമായി ഭവിച്ചു. അവൻ നിങ്ങളുടെ ദൈവവും രക്ഷകനുമാണ്. അവനിലൂടെയല്ലാതെ മനുഷ്യർക്ക് ഒരിക്കലും രക്ഷ പ്രാപിക്കാൻ കഴിയില്ല. ദൈവത്തിന്റെ സത്യത്തിലേക്ക് നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. വലിയൊരു ആശയക്കുഴപ്പത്തിന്റെ സമയത്താണ് നിങ്ങൾ ജീവിക്കുന്നത്, നിങ്ങളുടെ ആത്മാർത്ഥവും ധൈര്യപൂർണ്ണവുമായ 'സമ്മതത്തിനുള്ള' സമയം ആഗതമായിരിക്കുകയാണ്. എന്റെ ഈശോയുടെ സഭ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണ്, എങ്കിലും സത്യത്തിന്റെ പടവാൾ സഭയെ വലിയ വിജയത്തിലേക്ക് നയിക്കും. എന്റെ ഈശോയുടെ സഭ സത്യത്തെ ഒതുക്കിക്കൊണ്ടുള്ള ചർച്ചകൾക്കുള്ള ഒരു വേദിയാകരുത്. എന്റെ ഈശോ സത്യമാകുന്നു, നിങ്ങളുടെ ജീവിതത്തിലെ എല്ലാ ഇടങ്ങളിലും അവൻ വസിക്കേണ്ടതാകുന്നു. ഞാൻ നിങ്ങളുടെ വ്യാകുലയായ മാതാവാണ്, നിങ്ങൾക്കുള്ള സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. സത്യത്തെ കാത്തുകൊണ്ടും, പ്രാർത്ഥനയാലുള്ള ശക്തിയാലും, ശത്രുവിന്റെ പ്രവർത്തനങ്ങളെ തരണം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾ കർത്താവിൽ നിന്നുള്ളവരാകുന്നു, അവൻ നിങ്ങളിൽ നിന്ന് ധാരാളം പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടവ, നാളെയ്ക്കായി നിങ്ങൾ മാറ്റിവെക്കരുത്. ദൈവം അധികാരപൂർവം നിങ്ങളിൽ നിന്ന് കണക്കു ചോദിക്കും; ഇത് നിങ്ങൾ എപ്പോഴും ഓർമ്മിക്കേണ്ടതാകുന്നു. വിശ്വാസവഞ്ചകർ, തങ്ങളുടെ ആത്മാക്കൾ ആഴമായ അന്ധകാരത്തിലായതുമൂലം, കരയുകയും വിലപിക്കുകയും ചെയ്യുന്ന ദിവസം വരുന്നതാണ്. നിങ്ങൾ ലോകവുമായി ഒത്തുതീർപ്പുകളുണ്ടാക്കരുത്. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. നിങ്ങൾ പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തികൊണ്ടു മാത്രമെ നിങ്ങൾക്ക് ശത്രുവിനെ മറികടക്കാനാകുകയുള്ളൂ. നിങ്ങൾ വിശ്വസ്തരായിരിക്കുക, കർത്താവു നിങ്ങൾക്ക് ഉദാരമായ പ്രതിഫലം നൽകും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ സഹായിക്കാനാണ്. നിങ്ങൾ നിരാശരാവരുത്. നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ സത്യത്തെ കാത്തുകൊണ്ട് മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.