പ്രിയ മക്കളെ, എങ്ങനെ ആയിരിക്കുന്നുവോ, ആ അവസ്ഥയിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് വിശുദ്ധിയിലേക്ക് നിങ്ങളെ ക്ഷണിക്കാനാണ്. നിങ്ങളുടെ എല്ലാമായവനിലേക്കു തിരിയുവിൻ, അവൻ തുറന്ന കരങ്ങളാൽ നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. ദൈവം തിടുക്കത്തിലാണ്. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, നാളെയ്ക്കായി നിങ്ങൾ മാറ്റിവെക്കരുത്. ആത്മവിശ്വാസമുള്ളവരായിരിക്കുവാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. വിശ്വാസികളായ പുരുഷൻമാർക്കും സ്ത്രീകൾക്കും നാളെ മെച്ചപ്പെട്ടതായിരിക്കും. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിൽ നിന്നും നിങ്ങൾ അകന്നു ജീവിക്കരുത്. തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ തകർച്ചയുടെ പടുകുഴിയിലേക്ക് മനുഷ്യകുലം നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും നിങ്ങൾ ശക്തി കണ്ടെത്തുവിൻ. നിങ്ങൾ ലോകത്തിൽ നിന്നു പിന്തിരിയുവിൻ, കർത്താവിനെ വിശ്വസ്തതയോടെ നിങ്ങൾ ശുശ്രൂഷിക്കുവിൻ. ഈ ജീവിതത്തിലുള്ള എല്ലാം കടന്നുപോകും, എങ്കിലും നിങ്ങളിലുള്ള ദൈവകൃപ നിത്യമായതാണ്. നിങ്ങൾ സത്യത്തെ സ്നേഹിക്കുകയും, കാക്കുകയും ചെയ്യുവിൻ. എന്റെ ഈശോയുടെ സഭ പീഡനത്തിന്റെ പാനപാത്രത്തിൽ നിന്നു കുടിക്കും. സത്യത്തോടുള്ള സ്നേഹത്തിന്റെ കുറവ് ധാരാളം പുരുഷൻമാരെയും, സ്ത്രീകളെയും വലിയൊരു വിശ്വാസത്തകർച്ചയിലേക്ക് നയിക്കും. നിങ്ങൾക്കു സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. കുരിശിനു മുമ്പാകെ നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുവിൻ. നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. ഭയം കൂടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.